കോവിഡ് സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്…
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ കോവിഡ് കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ വൈറ്റ് ഹൗസും കോവിഡ് ഭീതിയില്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച പ്രസിഡന്റിന്റെ അനുചരന്മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപിനുള്ളത്.
വൈസ് പ്രസിഡന്റിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിലെ ലോക്ഡൗണ്‍ അധികകാലം തുടരാനാവില്ലെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുമ്പോഴാണ് വൈറ്റ് ഹൗസ് തന്നെ കോവിഡ് ഭീതിയിലാവുന്നത്.
രോഗം സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുമായി സംസാരിക്കവേ പ്രസിഡന്റ് ട്രംപ് തന്നെയാണ് മൈക്ക് പെന്‍സിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
പ്രസിഡന്റ് ട്രംപിന് കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലിഷ് മക്കനി പറഞ്ഞത്. ട്രംപ് അടക്കം വൈറ്റ്ഹൗസിലെ എല്ലാ ഉന്നതര്‍ക്കും എല്ലാ ദിവസവും കോവിഡ് പരിശോധനകളും നടക്കുന്നുണ്ട്.
അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ തുടരുമ്പോഴും ലോക്ഡൗണ്‍ അവസാനിപ്പിച്ച് സമ്പദ്‌വ്യവസ്ഥ എത്രയുംവേഗത്തില്‍ തുറക്കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ലോക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് നിരവധി അമേരിക്കക്കാര്‍ക്ക് മരണവാറണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധര്‍ നല്‍കിക്കഴിഞ്ഞു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് കൂടുതല്‍ മരണങ്ങള്‍ക്കിടയാക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍. മരണങ്ങളുണ്ടാകും, പക്ഷേ സമ്പദ്‌വ്യവസ്ഥ തുറക്കാതിരിക്കാനാവില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.