World

ഇസ്രായേലുമായുള്ള ആയുധ കച്ചവടം നിർത്തിവെക്കാൻ യു. എസ് കോൺഗ്രസിൽ പ്രമേയം

ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കക്ക് ആഭ്യന്തര സമ്മർദ്ദം. ഇസ്രായേൽ വെടിനിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് ഇസ്രായേൽ-യുഎസ് ബന്ധത്തിൽ അതൃപ്തി പുകയുന്നത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള 735 മില്യൺ ഡോളറിന്റെ ആയുധകച്ചവടത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിന് പിന്തുണ നൽകുന്ന നടപടിക്ക് യു.എസ് കോൺഗ്രസിൽ നിന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ബൈഡൻ ആയുധകച്ചവടത്തിന് അംഗീകാരം നൽകിയത്. എന്നാൽ ഈ ആയുധകരാറിനെതിരെയാണ് ഇപ്പോൾ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. റിപബ്ലിക്കൻ പാർട്ടി നേതാവായ അലെക്സാൻഡ്രിയ ഒകാസിയൊ കോർടെസിന്റെ നേതൃത്വത്തിലാണ് ബൈഡൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിർമിക്കുന്ന ഫാക്ടറി ബ്രിട്ടനിലെ ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടന പിടിച്ചെടുത്തിരുന്നു. ലെസ്റ്ററിലെ മെറിഡിയൻ ബിസിനസ് പാർക്കിലുള്ള എൽബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ് ‘ഫലസ്തീൻ ആക്ഷൻ’ കൈയേറിയത്. യുവാക്കളും യുവതികളുമടങ്ങുന്ന സംഘം ഫാക്ടറി കെട്ടിടത്തിനു മുകളിൽ കയറി കൊടി നാട്ടുകയായിരുന്നു . അതേസമയം ഗസ്സയിൽ ഇസ്രായേലി‍ന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു.