World

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോർജിയയിൽ വീണ്ടും വോട്ടെണ്ണും

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണും. ജോർജിയയിൽ നേരിയ ലീഡിന് ജോ ബൈഡൻ വിജയിച്ചിരുന്നു. ജോർജിയയിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വോട്ടുകൾ എണ്ണുമെന്ന് അധികൃതർ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ വോട്ടുകൾ എണ്ണിത്തീരാറായപ്പോൾ ബൈഡന് 1500 വോട്ടുകളുടെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന ഇടമായിരുന്നു ജോർജിയ. ജോർജിയയിലെ വോട്ട് തെരഞ്ഞെടുപ്പിൽ നിർണായകമാവും എന്നതു കൊണ്ടാണ് വീണ്ടും വോട്ട് എണ്ണാൻ തീരുമാനിച്ചതെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റഫൻസ്പെർഗർ പറഞ്ഞു.

പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ചാണ് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചത്. അടിയന്തര ഹർജിയുമായി ജോർജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ജോർജിയയിൽ തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാൻ ഡേവിഡ് ഷഫെറാണ് അടിയന്തര ഹർജി സമർപ്പിച്ചത്. പിന്നാലെ മറ്റ് രണ്ടിടങ്ങളിൽ കൂടി കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ, രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ഷിക്കാഗോ, ന്യൂയോർക്ക്, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ മുഴുവൻ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി. വോട്ടണ്ണൽ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി. പോർട്ട്ലാന്റിൽ കടകൾക്ക് നേരെ ആക്രമണമുണ്ടായി. മിനിയോപോളിസിൽ ഹൈവേയിൽ ഗതാഗതം തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു.