റഷ്യൻ ബാങ്കുകളെയും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യു.എസ്. പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്കും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ ഭാര്യയെയും മകളെയും ലക്ഷ്യമിട്ടാണ് നടപടികൾ. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
റഷ്യയുടെ ബെർബാങ്ക്, ആൽഫ ബാങ്ക് എന്നിവക്ക് പൂർണ ഉപരോധം ഏർപ്പെടുത്തി. ഇവയിലും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലും, പുതിയ യു.എസ് നിക്ഷേപം നിരോധിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യയുടെ തന്ത്രപ്രധാനമായ തുറമുഖ നഗരം ഉപരോധിക്കുന്നതിനിടെ 5,000 സിവിലിയന്മാർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ വാഡിം ബോയ്ചെങ്കോ പറഞ്ഞു. റഷ്യൻ ഷെല്ലാക്രമണത്തിൽ നഗരത്തിന്റെ 90% അടിസ്ഥാന സൗകര്യങ്ങളും നശിച്ചുവെന്നും ബോയ്ചെങ്കോ കൂട്ടിച്ചേർത്തു.
റഷ്യന്‍ സൈന്യം യുക്രൈന് നഗരങ്ങളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ റഷ്യന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ക്രൂരതയുടെ കണക്കുകള്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ സൈന്യം ആദ്യമായി പൂര്‍ണ്ണമായും പിന്മാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബുച്ച നഗരമാകട്ടെ റഷ്യന്‍ കവചിത വാഹനങ്ങളുടെയും ടാങ്കുകളുടെയും ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു. ബുച്ചയില്‍ നിരവധി സാധാരണക്കാരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോണവുമായി യുക്രൈന് പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കി രംഗത്തെത്തിയിരുന്നു.