World

ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം ഇതായിരുന്നു; ലോകത്തിന്റെ ചാന്ദ്ര ദൗത്യങ്ങൾ

ചാന്ദ്ര പര്യവേഷണങ്ങൾ എക്കാലത്തും ശാസ്ത്രലോകത്തിന്റെ ഹരമായിരുന്നു. ഇന്ത്യയ്ക്കു പുറമേ, റഷ്യ, അമേരിക്ക, ജപ്പാൻ, യൂറോപ്യൻ സ്‌പേസ് ഏജൻസി, ചൈന, ലക്‌സംബെർഗ്, ഇസ്രായേൽ, ഇറ്റലി, ദക്ഷിണ കൊറിയ, യു എ ഇ എന്നിവരും ഈ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

1959 സെപ്തംബർ 12-ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 2 ആണ് ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം. 1958 മുതൽ1976 വരെ 44 ആളില്ലാത്ത ലൂണാ ദൗത്യങ്ങൾ സോവിയറ്റ് യൂണിയൻ നടത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണമാണ് വിജയിച്ചത്. ഏറ്റവുമൊടുവിൽ റഷ്യ ഓഗസ്റ്റ് 10-ന് വിക്ഷേപിച്ച ലൂണ-25 ഓഗസ്റ്റ് 20-ന് ചന്ദ്രോപരിതലത്തിൽ തകർന്നു വീണു.

ചന്ദ്രന്റെ വിദൂരദൃശ്യത്തിന്റെ ആദ്യഫോട്ടോയെടുത്തത് 1959-ൽ ലൂണ-3 ആയിരുന്നു. 1966-ൽ ചന്ദ്രോപരിതലത്തിൽ ആദ്യമായി സുരക്ഷിത ലാൻഡിങ് നടത്തിയ ലൂണ 9 ആയിരുന്നു ആദ്യമായി ചന്ദ്രന്റെ ക്ലോസപ്പ് ചിത്രമെടുത്തത്. 1966-ൽ വിക്ഷേപിക്കപ്പെട്ട ലൂണ 10 ആണ് ആദ്യ കൃത്രിമ ചന്ദ്ര ഉപഗ്രഹം.

1961 മുതൽ 1972 വരെയാണ് അമേരിക്ക അപ്പോളോ ചാന്ദ്രദൗത്യം നടത്തിയത്. മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ചത് അപ്പോളോ ദൗത്യമാണ്. 1969 ജൂലൈ 20-ന് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനുമാണ് അപ്പോളോ 11-ൽ ചന്ദ്രോപരിതലത്തിൽ ആദ്യം ഇറങ്ങിയത്.

അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസ അഞ്ചു തവണ കൂടി മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിച്ചു. മൊത്തം 12 മനുഷ്യരാണ് ഇതുവരേയ്ക്കും ചന്ദ്രനിൽ നടന്നിട്ടുള്ളത്. അമേരിക്കയ്ക്കല്ലാതെ മറ്റൊരു രാഷ്ട്രത്തിനും ഈ നേട്ടം ഇതുവരെ സാധ്യമാക്കാനായിട്ടില്ല.

2017-ലാണ് അമേരിക്ക ആർട്ടിമിസ് മിഷനിലൂടെ രണ്ടാം ചാന്ദ്രദൗത്യത്തിന് തുടക്കമിട്ടത്. 2024-ൽ ഒരു വനിതയുൾപ്പടെ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുകയാണ് ലക്ഷ്യം. 2022-ലാണ് ആർട്ടിമിസ് 1 വിജയകരമായി പൂർത്തിയാക്കിയത്.

ചന്ദ്രനിലെ രാസമൂലകങ്ങളെപ്പറ്റി ആദ്യമായി സമഗ്ര വിവരം ലഭ്യമാക്കിയത് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ എസ് എയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ സ്മാർട്ട് – 1 ആയിരുന്നു. 2008 സെപ്തംബർ 3-ന് ലക്ഷ്യമിട്ടതുപോലെ ഈ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കുകയായിരുന്നു.

ചൈന അഞ്ച് ചാന്ദ്രദൗത്യങ്ങളാണ് ഇതുവരെ നടത്തിയത്. ചാങ്-ഇ എന്നു പേരിട്ട ഈ അഞ്ചു ദൗത്യങ്ങളും വിജയിച്ചു. ചാങ് -ഇ 1.2 ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്ററായിരുന്നു. ചാങ് – ഇ 3.4 -ൽ ലാൻഡറും റോവറുമുണ്ടായിരുന്നു. ചാങ് ഇ 4 ഭൂമിയിൽ ദൃശ്യമല്ലാത്ത ചന്ദ്രോപരിതലത്തിലാണ് സുരക്ഷിത ലാൻഡിങ് നടത്തിയത്. ചാങ്-ഇ 5-ന്റെ ലക്ഷ്യം ചന്ദ്രശില ഭൂമിയിലെത്തിക്കുകയായിരുന്നു. 2020 ഡിസംബറിൽ 1731 ഗ്രാം സാമ്പിളുമായി അത് ഭൂമിയിൽ തിരിച്ചെത്തി. 2030-ൽ ഒരു ചൈനക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന ഇപ്പോൾ.

ഓർബിറ്ററുകൾ, ലാൻഡറുകൾ ഇംപാക്ടറുകൾ എന്നിവ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നതിൽ ജപ്പാൻ അടക്കം മറ്റു പല രാജ്യങ്ങളും വിജയം കൊയ്തിട്ടുണ്ട്.