World

യു കെയിലെ ഏറ്റവും ജനപ്രിയമായ ആണ്‍പേര് മുഹമ്മദ്; ഇത്തവണ ‘ഒലിവിയ’യെ മറികടന്ന് ‘ലില്ലി’

ഓരോ കുഞ്ഞും ഭൂമിയിലെത്തുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും കുഞ്ഞുങ്ങള്‍ക്കുള്ള പേരുകള്‍ ആലോചിച്ച് തലപുകയ്ക്കാറുണ്ട്. പേരില്‍ എന്തിരിക്കുന്നു എന്ന് പുറമേ പറഞ്ഞാലും മക്കള്‍ക്ക് ‘നല്ല പേരുകിട്ടാനായി’ ഇന്റര്‍നെറ്റ് മുഴുവന്‍ പല മാതാപിതാക്കളും അരിച്ചുപെറുക്കാറുണ്ട്. ഇഷ്ടപ്പെട്ട പ്രശസ്ത വ്യക്തികളുടെ പേരുകളോ ദൈവനാമങ്ങളോ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളുടെ പേരുകളോ വരെ കുഞ്ഞുങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുണ്ട്. ബ്രിട്ടനിലെ ബേബി സെന്റര്‍ യു കെ പുറത്തുവിട്ട 2022ലെ അര്‍ധവര്‍ഷ റിപ്പോര്‍ട്ടില്‍ ഇത്തരം പേരിടലുകളുടെ നിരവധി വിശേഷങ്ങളാണുള്ളത്. ബ്രിട്ടണില്‍ മാത്രമല്ല, ഇപ്പോള്‍ ലോകമെമ്പാടും ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.

ആണ്‍കുഞ്ഞുങ്ങള്‍ക്കിടാന്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ശതമാനം മാതാപിതാക്കളും തെരഞ്ഞെടുത്ത പേര് മുഹമ്മദ് എന്നാണ്. നോഹ എന്ന പേരാണ് ജനപ്രിയതയില്‍ രണ്ടാം സ്ഥാനത്ത്. ജാക്ക്, തിയോ, ലിയോ, ഒലിവര്‍ ജോര്‍ജ്, ഏഥന്‍, ഓസ്‌കാര്‍, ആര്‍തര്‍, എന്നിവയാണ് ബ്രിട്ടണ്‍ മാതാപിതാക്കളുടെ ഏറ്റവും പ്രീയപ്പെട്ട ആണ്‍പേരുകള്‍. ജനപ്രിയ പേരുകളിലെ ആദ്യ നൂറില്‍ പത്ത് ശതമാനവും മുസ്ലിം പേരാണ് എന്നതാണ് ഇത്തവണ ചര്‍ച്ചയാകുന്ന പ്രധാന വസ്തുത.

പെണ്‍പേരുകളാണ് ഇത്തവണ ബ്രിട്ടണെ ഞെട്ടിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഏറ്റവും പോപ്പുലര്‍ പെണ്‍പേരായി വര്‍ഷങ്ങളോളം അറിയപ്പെട്ടിരുന്ന ഒലിവിയയെ കടത്തിവെട്ടി ലില്ലി എന്ന പേരാണ് ഇത്തവണ പട്ടികയില്‍ ഒന്നാമതായിരിക്കുന്നത്. സോഫിയ എന്ന പേരാണ് രണ്ടാമത്. പട്ടികയില്‍ ഇത്തവണ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഒലിവിയയുള്ളത്. ഈവ, ആരിയ, ഹന്ന, മിലി, ജെസിക മുതലായ പേരുകളും പുതിയതായി പട്ടികയില്‍ ഇടം പിടിച്ചു. 2015 മുതല്‍ ഒലിവിയ എന്ന പേരായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.