World

‘പരീക്ഷ എഴുതാൻ പാടില്ല’ അഫ്ഗാനിൽ പെൺകുട്ടികൾക്ക് പരീക്ഷാ വിലക്ക്

അഫ്ഗാനിലെ വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് കത്ത് നൽകി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകുന്നു.(Taliban warn women can’t take entry exams at universities)

കഴിഞ്ഞ ഡിസംബറിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്.

പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നയം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം യൂനിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു

2021 മേയിലാണ് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തത്. അന്നുതൊട്ട് പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് വിലക്കി. സ്ത്രീകൾ ജോലി ചെ​യ്യാൻ പാടില്ലെന്നും ബന്ധുക്കളുടെ അകമ്പടിയില്ലാതെ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നും ഉത്തരവിട്ടു. പുറത്തിറങ്ങുന്ന വേളയിൽ ശരീരവും മുഖവും മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണമെന്നും ശഠിച്ചു. ജിമ്മുകളും പാർക്കുകളും സ്ത്രീകൾക്ക് അന്യമായി.