പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.
രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്‌സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്.