തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത് സംബന്ധിച്ച വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 17 മണിക്കൂറോളമാണ് കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.