യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുദ്ധമുഖത്ത് പോരാട്ടം നയിക്കുകയാണ് യുക്രൈന്‍ ജനത. സാധാരണക്കാരും യുദ്ധരംഗത്തേയ്ക്ക് കടന്നു വരുന്നു. പൗരന്മാര്‍ തോക്കുകളേന്തി സൈന്യത്തോടൊപ്പം യുദ്ധം ചെയ്യുന്നു. റഷ്യയെ നേരിടാന്‍ നിരവധി സാധാരണക്കാരാണ് തോക്കുമേന്തി യുദ്ധത്തില്‍ അണിചേര്‍ന്നിരിക്കുന്നത്. അഭിമാനം ഒരുകാലത്തും അടിയറവക്കാത്ത ജനതയെന്നാണ് യുക്രൈനെ വിശേഷിപ്പിക്കുന്നത്. ആ അഭിമാനം ബോധം തന്നെയാണ് യുദ്ധമുഖത്തേക്ക് ഒരു ജനതയെ ഒന്നടങ്കം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികള്‍ വിവാഹത്തിനുശേഷം യുദ്ധമുഖത്തേക്കെത്തിയത് ഏറെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനുള്ള റഷ്യന്‍ നീക്കത്തിനെതിരേ ഒരു ജനത ആത്മാഭിമാനമുയര്‍ത്തി പോരടിക്കുന്ന കാഴ്ചയാണ് യുക്രൈനില്‍ കാണാനാകുന്നത്.
ട്രക്കുകളില്‍ തോക്ക് പെട്ടികളിലാക്കി സന്നദ്ധ പ്രതിരോധ യൂണിറ്റുകള്‍ക്ക് നല്‍കുകയായിരുന്നു. ഇവരാണ് തോക്കുകള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ പലരും ആദ്യമായാണ് തോക്ക് നേരില്‍ കാണുന്നതും തൊടുന്നതും. രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്ന് വോളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
അതേസമയം യുക്രൈനിലെ ആറ് നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദ്ധ്യയുക്രൈനിലെ യുമനിലും, ഒഡേസിയിലും അടക്കമാണ് വ്യോമാക്രമണ സാധ്യത. ഇവിടെയുള്ള ജനങ്ങള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. മൂന്നാം ദിനത്തില്‍ വ്യോമാക്രമണത്തിന്റെ വേഗം റഷ്യ കൂട്ടിയിട്ടുണ്ട്. കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണിത്.