World

വിമാന സര്‍വീസ് ഉടന്‍, വിസാ നടപടികളും വേഗത്തില്‍; സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.(Saudi – Iranian Foreign Ministers met in Beijing)

സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇറാന്‍-സൗദി ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലായഹ്‌യാ എന്നിവരുടെ കൂടിക്കാഴ്ച.

സൗദി-ഇറാന്‍ നേരിട്ടുളള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസ ലഭ്യമാക്കാനുളള നടപടി വേഗത്തിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ഇറാനിലെ തെഹ്‌റാനിലും മശ്ഹദിലും സൗദി നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കും. സൗദിയിലെ റിയാദില്‍ ഇറാന്‍ എംബസിയും ജിദ്ദയില്‍ കോണ്‍സുലേറ്റ് തുറക്കാനും ധാരണയായി. 1998ലും 2001ലും ഇരു രാഷ്ട്രങ്ങനളും ഒപ്പുവെച്ച നിരവധി ഉഭയകക്ഷി കരാറുകളുണ്ട്. ഇത് നടപ്പിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഇറാന്‍ മന്ത്രിയെ സൗദിയിലേക്കും സൗദി മന്ത്രിയെ ഇറാനിലേക്കും ക്ഷണിച്ചു. ഇരുവരും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.