World

സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ അതിശയമെന്ന് ആക്രമണകാരി

എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്.

“എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി ഖൊമൈനി പുറപ്പെടുവിച്ച മതശാസന പിന്തുടരുകയാണോ എന്ന് പറയാൻ പ്രതി തയ്യാറായില്ല. ഏറെ വിവാദമായ ‘ദി സാത്താനിക് വേഴ്സസ്’ എഴുതിയതിനു പിന്നാലെയാണ് റുഷ്‌ദിക്കെതിരെ ഖൊമൈനി മതശാസന പുറപ്പെടുവിച്ചത്.

ഈ മാസം 12ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

ഈ മാസം 14ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മകൻ സഫർ റുഷ്ദി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് ഗുരുതരമാണെങ്കിലും പിതാവിൻ്റെ നർമബോധത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന് ചില വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണ് റുഷ്ദി എന്നും മകൻ സഫർ റുഷ്ദി അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് അദ്ദേഹത്തിൻ്റെ ഏജൻ്റ് ആൻഡ്രൂ വൈലി പറഞ്ഞു.

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോ​ഗ്യാവസ്ഥ കൂടി പരി​ഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്.