World

ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്

മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനിയും ഉൾക്കൊള്ളാനാകില്ലെന്ന് ബംഗ്ലാദേശ്. തീരുമാനം യു.എൻ സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു. 18 മാസത്തിനിടെ 7 ലക്ഷത്തില്‍ അധികം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

പട്ടാള അടിച്ചമർത്തലിന്റെ ഇരയായ റോഹിങ്ക്യൻ അഭയാര്‍ഥികളാണ് അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് എത്തിയത്. ഇനിയും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്നും വളരെ ദുഃഖത്തോട് കൂടിയാണ് ഈകാര്യത്തെ കാണുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക് സുരക്ഷാ കൌണ്‍സിലിനു മുന്‍പാകെ പറഞ്ഞു.

രാജ്യത്ത് ഇതുവരെ എത്തിച്ചേര്‍ന്ന റോഹിങ്ക്യകൾ മ്യാന്‍മറിലേക്ക് തിരിച്ചു പോകാന്‍ ഇനിയും സമ്മതം അറിയിച്ചിട്ടില്ലെന്നും ഷഹിദുല്‍ ഹക്ക് വ്യക്തമാക്കി. റോഹിങ്ക്യകളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ മ്യാന്‍മര്‍ പൊള്ളയായ വാഗ്ദാനങ്ങൾ നടത്തുന്നുവെന്നും ബംഗ്ലാദേശ് കുറ്റപ്പെടുത്തി.

എന്നാല്‍ ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജനുവരിയില്‍ തന്നെ മ്യാന്‍മറില്‍ നിന്നു പലായനം ചെയ്തവരെ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാതെ തിരിച്ചു പോകില്ലെന്ന ഉറച്ച് തീരുമാനത്തിലായിരുന്നു റോഹിങ്കയന്‍ അഭയാര്‍ഥികൾ. മ്യാന്‍മറിലെ ഏറ്റവു കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹം തിരിച്ചു പോയാല്‍ വീണ്ടും അടിച്ചമര്‍ത്തല്‍ നേരിടുമെന്ന ഭീഷണിയിലാണ്.