റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ ചര്‍ച്ചയില്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയെന്ന സവിശേഷതയും ഇന്നത്തെ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ചൈന വിഷയമുള്‍പ്പെടെ സൂചിപ്പിച്ച് ബൈഡന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. യുക്രൈന്‍ പ്രശ്‌നത്തിലെ മാനുഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നും പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ അതിവേഗം പരിഹാരം കാണണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്.
ഇന്തോപസഫിക് മേഖലയില്‍ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തില്‍ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. ജോ ബൈഡന്‍, നരേന്ദ്രമോദി എന്നിവരെ കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.