അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്.
സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും.
ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് തലസ്ഥാനമായ ബ്രസീലിയയിൽ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ബ്രസീലിന്റെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ശ്രമിച്ച ബോൾസോനാരോയ്‌ക്കെതിരെയും പുതിയ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
പുതിയ സർക്കാരിനെ അട്ടിമറിക്കാൻ ആയിരക്കണക്കിന് ബോൾസോനാരോ അനുകൂലികൾ ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, കോൺഗ്രസ്, സുപ്രീം കോടതി കെട്ടിടങ്ങൾ ആക്രമിച്ചിരുന്നു. ബോൾസോനാരോയുടെ അവസാനത്തെ നീതിന്യായ മന്ത്രി ആൻഡേഴ്സൺ ടോറസും കലാപത്തിനിടെ അമേരിക്ക സന്ദർശിച്ചിരുന്നു. എന്നാൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു.
ബോൾസോനാരോയുടെ അപേക്ഷയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചിട്ടില്ല. യുഎസ് നിയമപ്രകാരം വിസ രേഖകൾ രഹസ്യമാണ്.