World

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ

അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്.

ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ പ്രതികരണം.

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പടരുത്. തായ്‌ലന്‍റ് സ്വീകരിച്ച അഭയാര്‍ത്ഥികള്‍ വലിയ ദുരന്തം നേരിടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. മാന്യമായി ജീവിക്കാനുള്ള അഭയാര്‍ഥികളുടെ അവകാശം നിരന്തരം വെല്ലുവിളിക്കപ്പെടുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. തായ്‌ലന്റിലെ ബുദ്ധക്ഷേത്രം മാര്‍പാപ്പ സന്ദര്‍ശിക്കും. നാല് ദിവസം മാര്‍പാപ്പ തായ്‌ലന്‍റിലുണ്ടാകും. ശേഷം ജപ്പാനിലേക്ക് പോകും.