World

ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു

ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പാക് പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ് ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തത്. മദ്റസത്തുല്‍ സാബിര്‍ എന്ന എന്ന സ്ഥാപനവും സുബ്ഹാനല്ലാ ജുമാ മസ്ജിദുമാണ് കാംപസിലുള്ളത്. ആസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഏറ്റെടുക്കുമ്പോള്‍ 600 വിദ്യാർഥികളും 70 അധ്യാപകരുമാണ് കാംപസിലുണ്ടായിരുന്നത്. പഞ്ചാബ് പൊലീസിനാണ് ഇവരുടെ സുരക്ഷാ ചുമതല. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ മീറ്റിലാണ് തീരുമാനമുണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ് ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാകിസ്താന്‍ ആസ്ഥാനമായ സംഘടനക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ‌ഇന്ത്യ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനും ഭീകരതക്കും എതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ജമാ അത്തുദ്‍ദഅ്‍വയെയും കഴിഞ്ഞ ദിവസം പാകിസ്താന്‍ നിരോധിച്ചിരുന്നു.