തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്താനിൽ തൂക്കുസഭയിലേക്ക് നീങ്ങുന്നു. 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. 99 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നവാസ് ഷെരീഫിനെ പിന്തുണക്കില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ 71 സീറ്റുകളാണ് നേടാനായത്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 53 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു.
പാകിസ്താനിൽ സർക്കാരുണ്ടാക്കാൻ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണ് നവാസ് ഷെരീഫ്. ആരുമായും സഖ്യത്തിന് തയാറാണെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചു. നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവൽ ഭൂട്ടോയുടെ പി പി പി അറിയിച്ചു. തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാന്റെ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്.
ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. 5,121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണുന്നതിലും ഫലം പുറത്തുവിടുന്നതിലും അസാധാരണമായ കാലതാമസവും ആശയക്കുഴപ്പവുമുണ്ടായതോടെ പല കോണുകളിൽനിന്ന് പരാതി ഉയർന്നു.