മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ പുരസ്കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്കാരം.
90 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്കാരത്തിന് അർഹയായത്.
കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.
ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്കർ പുരസ്കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്കാരം.
ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.