സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.
വില കുത്തനെ കൂടാനുള്ള കാരണം
ശനിയാഴ്ചയാണ് സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സൌദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക്
ഒഴുകിയിരുന്നുഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സൌദിയില്‍ നിന്നുണ്ടായി. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ സമയമെടുക്കും.
.
ഞായറാഴ്ചക്ക് ശേഷം വിപണി ഇന്ന് തുറന്നതോടെ എണ്ണ വില 60 ഡോളറില്‍ നിന്നും 71ലേക്കെത്തി. ഇന്നത്തെ മാത്രം വര്‍ധന 11.73 ഡോളറാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബ്രന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 19 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയില്‍ വില ബാരലിന് 15 ശതമാനം വര്‍ധിച്ച് 63.34 ഡോളറിലുമെത്തി. ആക്രമണത്തിന് പിന്നാലെ ഓഹരി വിപണിയിലും ഇടിവ് നേരിടുകയാണ്.
വില ഉയരുന്നത് തുടരുമോ?
20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. 1990ല്‍ സദ്ദാം ഹുസൈന്‍റെ കുവൈത്ത് അധിനിവേശ കാലത്താണ് ഇതിനു മുന്പ് വില ഇതുപോലെ കുതിച്ചുയര്‍ന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം തുടരുകയായിരുന്നു ഉത്പാദക രാഷ്ട്രങ്ങള്‍. ഇപ്പോള്‍ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണ വില. വില വരും ദിനങ്ങളിലും തുടരുമെന്ന് സാന്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 80 ഡോളറിനടുത്ത് വരെ വില വര്‍ധിക്കുമെന്ന് ചില സാമ്പത്തിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സൗദി അരാംകോയുടെ മുഴുന്‍ പേര് സൗദി അറേബ്യന്‍ അമേരിക്കന്‍ ഓയില്‍ കമ്പനി എന്നാണ്. സൗദിയുടെ എണ്ണ ഖനനത്തില്‍ തുടക്കം മുതല്‍ സജീവമാണ് അമേരിക്ക. അരാംകോയിലുണ്ടായ ഉത്പാദന-വിതരണ കുറവ് നേരിടാന്‍ സൗദി അറേബ്യയും അമേരിക്കയും ശ്രമിക്കുന്നുണ്ട്. വിലക്കയറ്റം തടയാന്‍ അമേരിക്കയും സൗദിയും കരുതല്‍ എണ്ണ ശേഖരത്തില്‍ നിന്നും എണ്ണയെടുത്തേക്കും. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
5.7 ബില്യണ്‍ ബാരലാണ് സൗദിയില്‍ നിന്നുള്ള കുറവ്. ഇത് പരിഹരിക്കാന്‍ കരുതല്‍ എണ്ണ ശേഖരത്തില്‍ സൗദി രണ്ട് ദശലക്ഷം ബാരലാകും പ്രതിദിനം എടുക്കുക. എങ്കിലും 3.7 ബില്യണ്‍ ബാരലിന്റെ കുറവ് എന്നാലും വിപണിയിലുണ്ടാകും. ഇത് പരിഹരിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നാണ് സൂചന. എങ്കിലും എത്ര കുറവ് വരുത്തുമെന്നതില്‍ വ്യക്തതയില്ല.
അരാംകോ പഴയപടിയാകാന്‍ എത്ര സമയമെടുക്കും?
ലോകത്തെ എറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖിലേത്. ഇവിടെ ഡ്രോണ്‍ പതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാശനഷ്ടം സംബന്ധിച്ച് അരാംകോയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 5.7 ദശലക്ഷം ബാരലിന്റെ കുറവ് ഉത്പാദനത്തില്‍ വന്നതായി അരാംകോ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും വില നിലകൊള്ളുക
കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് എണ്ണ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതായത് മൂന്ന് ദിവസമെങ്കിലും എണ്ണ വില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല, എണ്ണക്കുറവ് നിലവില്‍ പരിഹരിക്കാന്‍ പോകുന്നത് കരുതല്‍ ശേഖരത്തില്‍ നിന്നുമെടുത്താണ്. അതു കൊണ്ടു തന്നെ വിതരണത്തില്‍ ഭീതി തുടരുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
സൗദി വിശദീകരണം കാത്ത് ട്രംപ്
സൗദി അരാംരോക്ക് നേരെ ആക്രമണം നടത്തിയവരെ നേരിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എല്ലാമൊരുക്കി സര്‍വ സജ്ജമാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിലാരാണെന്ന് അറിയാമെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചു. ഇനിയതില്‍ സൗദിയുടെ വിശദീകരണം മാത്രം മതി. എല്ലാമൊരുക്കി സജ്ജമാണെന്ന് ഞങ്ങളെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ, ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ട്രംപിനെ ഉദ്ധരിച്ച് വന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
അരാംകോ ആക്രമണത്തിന് പിന്നിലാര്?
ആക്രമണം നടന്നതിന് പിന്നാലെ ഉത്തരവാദിത്തം യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സൗദിയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് സൌദി സഖ്യസേനാ വക്താവ് അറിയിച്ചിട്ടുണ്ട്. എണ്ണ ഖനനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അരാംകോക്ക് നേരെയുള്ള ആക്രമണം അതീവ ഗൌരവത്തോടെയാണ് സൗദി വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി മാത്രമാകും സൗദി വിശദീകരണം നല്‍കുക.
സൗദിക്കെതിരെ നടന്ന നൂറിലേറ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടിയിരുന്നു. യമനില്‍ നിന്നാണ് ഡ്രോണുകളെത്തിയതെന്നതിന് തെളിവില്ല. എന്നിട്ടവര്‍ നയതന്ത്രത്തെ കുറിച്ച് സംസാരിക്കുന്നു. ലോകത്തിന്റെ എണ്ണ വിതരണത്തിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. യമനില്‍ നിന്നാണെന്നതിന് യാതൊരു തെളിവുമില്ലെന്നും പോംപിയോ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് അറിയാമെന്ന ട്രംപിന്റെ ഇന്നത്തെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
ആരോപണം ഇതിനകം ഇറാന്‍ തള്ളിയിട്ടുണ്ട്. യമനിലെ ഹൂതികളുടെ അവകാശ വാദം സൗദിയും അംഗീകരിച്ചിട്ടില്ല. ഇത്ര ആസൂത്രിതമായ ആക്രമണം ഹൂതികളെ കൊണ്ട് മാത്രം സാധിക്കില്ലെന്നാണ് അമേരിക്കയും ചൂണ്ടിക്കാട്ടുന്നത്. ആക്രമണം നടന്നത് യമനില്‍ നിന്നാണെങ്കില്‍ സൗദി പ്രതിരോധ സേനയുടെ മിസൈല്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനത്തില്‍ കുടുങ്ങുമായിരുന്നു. ഇതിനാല്‍ ലോക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പ്രകാരം ഇറാഖില്‍ നിന്നോ ഇറാനില്‍ നിന്നോ ആകാമെന്ന സൂചനകളുണ്ട്.
ഇറാഖില്‍ നിന്നാണ് ആക്രമണമെന്ന വാര്‍ത്ത ഇറാഖ് നിഷേധിച്ചിട്ടുണ്ട്. ആക്രമണത്തിന് ആരെങ്കിലും ഇറാഖിന്റെ മണ്ണുപയോഗിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും, വിഷയത്തിലിന് സൗദിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിപ്പാണ് അമേരിക്ക. സൂചന പ്രകാരം ഇറാനെതിരെയോ ഇറാഖിനെതിരെയോ ആണ് കാര്യങ്ങള്‍ തിരിയുന്നതെങ്കില്‍ എണ്ണ വില ഉടന്‍ കുറയുമെന്നും പ്രതീക്ഷിക്കാനാകില്ല.
ആഗോള സമ്പദ്ഘടനയെ എങ്ങിനെ ബാധിക്കും?
മാന്ദ്യത്തിന്റെ സൂചനകളില്‍ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് ആഗോള സാന്പത്തിക മേഖല. ഇതില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി അനുഭവപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയുടെ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.
സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ എണ്ണ വില വര്‍ധനവ് കൂടി വന്നാല്‍ അത് ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനൊന്ന് ഡോളര്‍ ആണ് ഇന്ന് വര്‍ധിച്ചത്. ഈ നില തുടര്‍ന്നാല്‍ വിലക്കയറ്റത്തിന് സാധ്യത കൂടും. നിലവില്‍ തളര്‍ച്ച പരിഹരിക്കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളും ഇതോടെ പാളുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു,