വടക്കേ അമേരിക്കൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി വൈറ്റ് ഹൗസ്. അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപികരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ററാജൻസി ടീമിനെ നയിക്കും. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ നാല് അജ്ഞാത പേടകങ്ങളാണ് അമേരിക്കൻ സൈന്യം വെടിവച്ചു വീഴ്ത്തിയത്.
അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്തുകയും, ഇവ ഉയർത്തുന്ന സുരക്ഷാ ഭീഷണി, അപകടസാധ്യതകൾ, പ്രത്യാഘാതങ്ങൾ എന്നിവ പഠിക്കുന്നതിനാണ് ഇന്ററാജൻസി ടീം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ അവ്‌രിൽ ഹെയ്‌ൻസ് എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു.
അതേസമയം വെടിവച്ചിട്ട വസ്തുക്കൾ ആളുകൾക്ക് ഭീഷണിയല്ലെന്നും, അന്യഗ്രഹ ജീവികളുടെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. അമേരിക്ക–കാനഡ അതിർത്തിക്ക് സമീപം മിഷിഗണിലെ ഹ്യൂറോൺ തടാകത്തിന് മുകളിലൂടെ സഞ്ചരിച്ച ഒരു പേടകം കൂടി കഴിഞ്ഞ ദിവസം സൈന്യം വെടിവച്ചിട്ടിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ നാലാമത്തെ അജ്ഞാത പേടകമാണ് അമേരിക്കൻ സൈനിക നടപടിക്ക് വിധേയമായി നിലം പതിക്കുന്നത്.