World

നേപ്പാളിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

നേപ്പാളിൽ അപകടത്തിൽ പെട്ട താരാ എയറിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. പത്ത് വർഷത്തിനിടെ നേപ്പാളിലുണ്ടായ 19
വിമാനാപകടങ്ങളിൽ അഞ്ചിലും ഉൾപ്പെട്ടത് താരാ എയറിന്റെ വിമാനമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ ഇരട്ട എഞ്ചിൻ വിമാനം മുസ്താങിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ കുടുംബമടക്കം 22 പേരും മരിച്ചെന്ന സ്ഥിരീകരണവും പിന്നാലെയെത്തി. മോശം കാലാവസ്ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടകാരണമായെന്നാണ് നിഗമനം. 10 മൃതദേഹം ഇന്നലെ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് 12 മൃതദേഹം കൂടി കാഠ്മണ്ഡുവിലെത്തിച്ചത്.

Meike Graf Grit , Uwe Willner എന്നിവരാണ് മരിച്ച ജർമ്മനിക്കാർ. നേപ്പാൾ സ്വദേശി രഞ്ജൻ കുമാർ ഗോലെയും ഏഴംഗ കുടുംബവും മുക്തിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കാണ് താരാ എയറിൽ കയറിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും.

ഒട്ടും സുരക്ഷിതമല്ല നേപ്പാളിലെ വിമാന യാത്രയെന്ന പരാതി നേരത്തെയും ഉയർന്നതാണ്. അന്താരാഷ്ട്രതലത്തിൽ ആകാശ വിലക്കും നിലവിലുണ്ട്. പത്തുവർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ അതിൽ കൂടുതൽ അപകടങ്ങളും താരാ എയറിന്റെ പേരിലാണെന്ന് കണ്ടെത്തി. 2016ൽ ഇതേ റൂട്ടിൽ താരാ എയർ വിമാനം അപകടത്തിൽ പെട്ട് 23 പേരാണ് മരിച്ചത്. 43 വർഷം പഴക്കമുള്ള വിമാനമാണ് ഇത്തവണ അപകടത്തിൽ പെട്ടതെന്നതിനാൽ, വിമാനത്തിന്റെ കാലപ്പഴക്കവും സാങ്കേതിക തികവും അടക്കം അന്വേഷണ കമ്മീഷൻ പരിശോധിക്കും.

ബ്ലാക്ബോക്സിന്റെ വിശദ പരിശോധനയ്ക്ക് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താനാകൂ എന്ന് കമ്മീഷൻ അറിയിച്ചു.