World

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ്

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്തിക്കൊടുക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഗവണ്‍മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മറികടക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും.

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുപ്രിംകോടതി പിന്‍വലിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് ഇതിലൂടെ അട്ടമറിക്കപ്പെട്ടത്.

ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്.