അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുങ്ങിക്കപ്പലിലുണ്ടായിരുന്നവരിൽ ബ്രിട്ടിഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗുമുണ്ട്. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹാമിഷ് ഹാർഡിംഗ്. സെപ്റ്റംബർ 2022 ന് ഹാമിഷ് പങ്കുവച്ച വിഡിയോയിൽ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതിനെ കുറിച്ച് പറയുന്നുണ്ട്.
‘ഞങ്ങൾ നമീബിയയിലെ വിൻഡോക്കിലാണ്. യുഎഇയിൽ നിന്ന് ബോയിംഗ് 747 ൽ നമീബിയയിൽ എത്തിയതാണ് ഞങ്ങൾ. അടുത്ത 48 മണിക്കൂറിൽ ചീറ്റകളെ മുങ്ങിക്കപ്പലിൽ കയറ്റും. 75 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചീറ്റകൾ ഇന്ത്യയിലെത്തുന്നത്’- ഹാർഡിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പയിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.
1912 ഏപ്രിൽ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയിൽ ഇടിച്ച് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ കപ്പലായിരുന്നു ആർഎംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരിൽ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തിൽ കണ്ടെത്തുന്നത്. തുടർന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികൾ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു.