ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളി അരുണ്‍ പറഞ്ഞു.
പ്രായമായ സ്ത്രീയെ നോക്കുന്ന ജോലി ചെയ്തിരുന്ന ഷീജയ്ക്ക് ആക്രമണ സമയത്ത് പെട്ടന്ന് ബങ്കറിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ലെന്നും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ ഷീജ കൃത്യമായി കേട്ടിരുന്നില്ലെന്നും അരുണ്‍ പറഞ്ഞു. ടെല്‍ അവീവില്‍ ജോലി ചെയ്യുന്ന അരുണ്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഷീജയോട് നേരിട്ട് സംസാരിച്ചതായും പ്രതികരിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതിനോടകം മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രയേലിന് സഹായം നല്‍കാന്‍ അമേരിക്കയും രംഗത്തെത്തി. യുദ്ധക്കപ്പലുകള്‍ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതല്‍ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.
Read Also: ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസ് ആക്രമണത്തില്‍ നിരവധി വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ നിന്നുള്ള 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാള്‍ എംബസി അറിയിച്ചു.രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.