International World

കൊറോണയെ തുടര്‍ന്ന് ലോകത്തിന്റെ മാനസികാരോഗ്യം ഭീഷണിയിലെന്ന് യു.എന്‍

കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിന്റെ തന്നെ മാനസികാരോഗ്യം ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം മഹാമാരിയെ തുടര്‍ന്ന് വിവിധ മാനസിക സംഘര്‍ഷങ്ങളിലായവരെ കൂടി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആദ്യമാസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരുമെങ്കിലും പിന്നീട് ലോകത്തെ വലിയൊരു വിഭാഗം പലവിധ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൂടി മുഖവിലക്കെടുത്ത് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നാണ് യു.എന്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ ലോകം വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ലോകത്തെ നിരവധി വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടെ പോലും മാനസികാരോഗ്യത്തെ ബാധിക്കും. കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറാസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.

കോവിഡ് ദുരന്തത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരായിരിക്കും മാനസിക സംഘര്‍ഷം വലിയ തോതില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രധാന വിഭാഗം. തുടര്‍ച്ചയായി സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവരെ രോഗം ബാധിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ മാനസികാരോഗ്യത്തെ പോലും ദോഷകരമായി ബാധിക്കാം. ആരോഗ്യപ്രവര്‍ത്തകരിലെ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളുകളില്‍ പോകാനാകാതെ വീടുകളില്‍ തന്നെ ഇരിക്കേണ്ടി വരുന്നത് കുട്ടികളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനിടയുണ്ട്. കുടുംബാഗങ്ങള്‍ കൂടുതല്‍ സമയവും വീടുകളില്‍ തന്നെ കഴിയുന്നതോടെ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം വര്‍ധിക്കാനിടയുണ്ട്. നേരത്തെ അസുഖങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ കോവിഡിനെ തുടര്‍ന്ന് ആശങ്ക വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും. ഇതെല്ലാം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് യു.എന്‍ മുന്നറിയിപ്പ്.