World

അധികാരത്തിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച എഴുതിക്കഴിഞ്ഞപ്പോഴേക്കും രാജി; പുസ്തകം തിരുത്താന്‍ പണിപ്പെട്ട് എഴുത്തുകാര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റെടുത്തതും സ്വന്തം വീഴ്ചകള്‍ മനസിലാക്കി അവര്‍ സ്ഥാനമൊഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. ലോകം ഉറ്റുനോക്കുന്ന നേതാവിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച ജീവചരിത്രകാരന്മാര്‍ എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കുന്നതിനും മുന്‍പായിരുന്നു ആ രാജി. ഗവേഷണവും എഴുത്തും പൂര്‍ത്തിയായ ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രം ഇനി എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ജീവചരിത്രകാരന്മാര്‍. 

ഹാരി കോളും ജെയിംസ് ഹീലുമാണ് ലിസ് ട്രസിന്റെ ആദ്യ ജീവചരിത്രമെഴുതിയത്. ഡിസംബര്‍ 8നാണ് പുസ്തകം പുറത്തിറക്കാനിരുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രമെന്നത് രൂപമാറ്റം വരുത്തി ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വനിതയുടെ ജീവചരിത്രമായി പുസ്തകത്തെ തിരുത്തിയെഴുതാനിരിക്കുകയാണ് ഇരുവരും.

ലിസ് ട്രസിന്റെ രാജിക്ക് പിന്നാലെ എഴുത്തുകാരെ ട്രോളി നിരവധി മീമുകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ജോലിയില്‍ പരാജയപ്പെട്ടെന്ന് തോന്നിയാല്‍ ലിസ് ട്രസിനെക്കുറിച്ച് പുസ്തകം എഴുതി പൂര്‍ത്തിയാക്കിയ രണ്ടുപേരുടെ അവസ്ഥ ഓര്‍ക്കുക. അപ്പോള്‍ കുറച്ച് ആശ്വാസം ലഭിക്കും എന്നുള്‍പ്പെടെയാണ് പരിഹാസങ്ങള്‍.

തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.