World

കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ ഏപ്രിൽ ഒന്ന് മുതൽ

കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്ക്കരണ നടപടികൾ സമയബന്ധിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കണമെന്നു സിവിൽ സർവീസ് കമ്മീഷൻ നിർദേശം നല്‍കി. എല്ലാ സർക്കാർ വകുപ്പുകള്‍ക്കും നിർദേശം ബാധകമാണെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സിവിൽ സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമയബന്ധിതമായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികൾക്ക് ഇതിനകം വിവരം നൽകിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകൾ ഏതൊക്കെയാണെന്നും പിരിച്ചു വിടേണ്ട വിദേശികൾ ആരൊക്കെയാണെന്നതും സംബന്ധിച്ച പട്ടിക ഓരോ വകുപ്പുകളും നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ഈ പട്ടികയിലുൾപ്പെട്ടവരെ ഘട്ടം ഘട്ടമായി ഒഴിവാക്കിയാണ് പകരം സ്വദേശികളെ നിയമിക്കുക. അടുത്ത അഞ്ച് സാമ്പത്തിക വർഷത്തിനിടയിൽ പൂർത്തിയാക്കേണ്ട സ്വദേശിവത്ക്കരണത്തിന് കമ്മീഷൻ തോത് നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയമുൾപ്പെടെ പൊതുമേഖലയിലെ ഒരു വകുപ്പിനും ഇതിൽ ഇളവ് നൽകില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.