മെയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ലോകത്തെ സാക്ഷിയാക്കി ചാൾസ് രാജാവ് ബ്രിട്ടന്റെ രാജാവായി അധികാരത്തിലേറുമ്പോൾ രാജകുടുംബത്തിന് കോടികൾ വിലമതിക്കുന്ന രത്നങ്ങളും മറ്റ് സ്വത്തുക്കളും കൂടിയാണ് ചാൾസ് രാജാവിന് ലഭിക്കുക.
രാജാധികാരത്തിന്റെ അടയാളമാണ് ബ്രിട്ടീഷ് രാജകുടുംബം തലമുറകളായി കൈമാറി വന്ന ആഭരണങ്ങൾ. 1660 മുതൽ നൂറിലേറെ പരമ്പരാഗത വസ്തുക്കളും 23,000 ൽ അധികം രത്നങ്ങളും ബ്രിട്ടിഷ് രാജകുടുംബത്തിന് സ്വന്തമായുണ്ട്. ഇതിൽ പ്രധാനം രാജാവിന്റെ കിരീടം തന്നെ. ലോകത്ത് മൂന്ന് പേർക്ക് മാത്രമേ ഈ കിരീടത്തിൽ സ്പർശിക്കാൻ അവകാശമുള്ളു. ഒന്ന് രാജാവ്, രണ്ട് കാന്റർബറി ആർച്ച് ബിഷപ്പ്, മൂന്ന് കിരീടം സൂക്ഷിപ്പുകാരൻ.
ലണ്ടനിലെ ടവറിൽ കഴിഞ്ഞ 800 വർഷമായി സൂക്ഷിക്കുന്നത് കോടികൾ വിലമതിക്കുന്ന രാജകീയ ആടയാഭരണങ്ങളാണ്. ഔദ്യോഗിക ചടങ്ങുകൾക്കും മറ്റും മാത്രമേ അവ കോട്ടയിൽ നിന്ന് പുറത്തെടുക്കുകയുള്ളു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണങ്ങൾക്ക് വില 1.2 ബില്യൺ മുതൽ 5.8 ബില്യൺ ഡോളർ വരെ വരും.
കിരീടധാരണം
കിരീട ധാരണത്തിന് ചാൾസ് രാജാവ് അണിയുന്നത് സെന്റ് എഡ്വേഡ്സ് ക്രൗണാണ്. 1661 ലാണ് ചാൾസ് രണ്ടാമൻ കിരീടം കമ്മീഷൻ ചെയ്യുന്നത്. അഞ്ച് പൗണ്ട് സ്വർണത്തിൽ തീർത്ത കിരീടത്തിൽ 444 അമൂല്യ രത്നങ്ങൾ പതിപ്പിച്ചതാണ് കിരീടം.
ഒപ്പം പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് ക്യാപ്പും ഡയമണ്ടിൽ തീർത്ത കുരിശും കിരീടത്തിൽ ഉണ്ട്. 57 മില്യൺ ഡോളർ അഥവാ 467,63,28,450 കോടി രൂപയാണ് കിരീടത്തിന്റെ വില. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനാണ് അവസാനമായി ഈ കിരീടം ഉപയോഗിച്ചത്.
കിരീടധാരണത്തിന് ശേഷം
കിരീടധാരണ ചടങ്ങ് പൂർത്തിയാക്കി വെസ്റ്റ് മിനിസ്റ്റർ അബെയിൽ നിന്ന് പുറത്ത് വരുന്ന ചാൾസ് രാജാവ് ഇംപീരിയൽ സ്റ്റേറ്റ് ക്രൗണാകും ധരിക്കുക. 2868 വജ്രം, 17 ഇന്ദ്രനീലം, 11 മരതകം, 269 പവിഴം, 4 മാണിക്യം എന്നിവയാണ് ഈ കിരീടത്തിൽ പതിപ്പിച്ചിരിക്കുന്നത്.
കോഹിനൂർ വിവാദം
ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പത്നി കമീല രാജ്ഞി അണിയുക ക്വീൻ മേരിയുടെ കിരീടമാകും. പരമ്പരാഗതമായി ഉപയോഗിച്ച് പോന്ന കോൺസോർട്ട് കിരീടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ അപഹരിച്ച കോഹിനൂർ ഉണ്ടെന്ന വിവാദമാണ് കമീല രാജ്ഞിയെ മാറ്റി ചിന്തിപ്പിച്ചത്.