ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. ( 7 killed, several hurt in shooting attack at Jerusalem synagogue ).
രാത്രി 8.15ഓടെയാണ് ഭീകരൻ കാറിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കിഴക്കൻ ജറുസലേമിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയൻ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.
ആക്രമണത്തിന് ഉപയോഗിച്ച കൈത്തോക്ക് അക്രമിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. അക്രമി ആദ്യം തെരുവിൽ നിന്ന ഒരു വയോധികയെയാണ് വെടിവച്ചത്, പിന്നീട് അതിവഴി കടന്നു പോവുകയായിരുന്ന ഒരു ബൈക്ക് യാത്രികന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷമാണ് ജൂത ആരാധനാലയത്തിന് പുറത്തുള്ള ആളുകൾക്ക് നേരെ വെടിവെച്ചത്. ഭീകരൻ കണ്ണിൽ കണ്ടവർക്ക് നേരെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.
അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ജറുസലേമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചതെന്ന് ആംബുലൻസ് സർവീസ് നടത്തുന്ന അധികൃതർ അറിയിച്ചു. മരിച്ചവരിൽ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.