World

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.

‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’ എന്ന വാക്കും തമ്മിൽ ബന്ധമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ‘സിംഗർ’ എന്നതിന്റെ നിഘണ്ടുവിൽ വരുന്ന അർത്ഥം ‘ഏറ്റവും മികച്ചത്, വഴിത്തിരിവ്’ എന്നതൊക്കെയാണ്. കെഎഫ്‌സിക്ക് ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ വാക്കുകളിൽ അവകാശമുണ്ട്. എന്നാൽ ‘ചിക്കൻ’ എന്ന വാക്ക് വന്നതിനാൽ ‘ചിക്കൻ സിംഗർ’ എന്നത് ട്രേഡ് മാർക്കായി നൽകാൻ സാധിക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

അതേസമയം, ട്രേഡ് മാർക്ക് രിജസ്ട്രിയോട് കെഎഫ്‌സിയുടെ ‘ചിക്കൻ സിംഗർ’ രജിസ്‌ട്രേഷന് വേണ്ടിയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി നിർദേശിച്ചു. എന്നാൽ തടസവാദവുമായി മറ്റാരെങ്കിലും വന്നാൽ നിഷ്പക്ഷമായി അത് കേട്ട് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. പക്ഷേ ‘ചിക്കൻ’ എന്ന വാക്കിന് എക്‌സ്‌ക്ലൂസിവ് റൈറ്റ് ഇല്ലെന്നുള്ള കാര്യം ഡിസ്‌ക്ലെയിമറായി ട്രേഡ്മാർക്ക് രജിസ്ട്രി നൽകണമെന്നും കോടതി ഉത്തരവിട്ടു.