നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, ടാക്സികൾ, ഊബർ, കരീം തുടങ്ങിയ റൈഡ്-ഹെയിൽ സർവീസുകൾ എന്നിവയുൾപ്പെടെ നിരവധി ഗതാഗത ഓപ്ഷനുകൾ ഉണ്ടായിരിക്കും. രണ്ട് വിമാനത്താവളങ്ങളിൽ നിന്നും ഷട്ടിൽ ബസുകൾ സർവീസ് നടത്തുകയും സെൻട്രൽ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ ആരാധകരെ സഹായിക്കുകയും ചെയ്യും.
ടൂർണമെന്റ് വേദികളിലെത്താൻ പ്രദേശവാസികൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ടൂർണ്ണമന്റ് കാലയളവിൽ രണ്ട് മെട്രൊ ട്രെയിനുകളുടെയിടയിലുള്ള സമയ ദൈർഘ്യം ആറു മിനുട്ടിൽ നിന്നും, മൂന്നാക്കി ചുരുക്കുമെന്നും വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇത് ലോകകപ്പിനെത്തുന്ന ആരാധകർക്ക് വളെരെയേറെ പ്രയോചനം ചെയ്യുന്ന പ്രഖ്യാപനമാണ്.
സന്ദർശകർക്ക് ദോഹ മെട്രൊയും പൊതു ബസ് സർവീസുകളും ഉപയോഗിക്കുന്നതാണ് അഭികാമ്യം. ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സർവീസുകൾ ഉണ്ടായിരിക്കും.
ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവുമധികം ആൾക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന ലോകകപ്പ് ആയി ഖത്തറിനെ മാറ്റുവാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്. ട്രാൻസ്പോർട്ട് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-മവ്ലവി, ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് അൽ മുല്ല, മൊവാസലാത്ത്(കർവ) ഓപറേറ്റിങ് ഓഫിസർ അഹമദ് അൽ ഒബൈദ്അലി, അഷ്ഗാൽ ദോഹ സിറ്റി ഡിസൈൻ മേധാവി മുഹമ്മദ് അലി അൽ മർറി, ഗതാഗത മന്ത്രാലയം പ്രതിനിധി എഞ്ചിനിയർ നജില മലാല അൽ ജാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.