International World

ജപ്പാനിലെ ‘പനി മരുന്ന്’ കോവിഡ് 19നെ നേരിടാന്‍ ഫലപ്രദമെന്ന് ചൈന

ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്…

പ്രത്യേകതരം പകര്‍ച്ചപനിക്കായി ജപ്പാനില്‍ ഉപയോഗിച്ചിരുന്ന മരുന്ന് ചൈനയിലെ ചില കോവിഡ് 19 രോഗികളില്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്. favipiravir എന്ന് പേരുള്ള മരുന്നിനെ അവിഗാന്‍ എന്നും വിളിക്കാറുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച പ്രതികരിക്കാന്‍ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍ തയ്യാറായിട്ടില്ല.

ചൈനയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വക്താവാണ് അവിഗാന്‍ രോഗികളില്‍ ഉപയോഗിച്ച വിവരം പുറത്തുവിട്ടത്. വുഹാനിനേയും ഷെന്‍ഹെനിലേയും 340 കോവിഡ് 19 രോഗികളില്‍ അവിഗാന്‍ ഉപയോഗിച്ചെന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്നും ചൈനീസ് വക്താവ് ഷാങ് സിങ്മിന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

മറ്റു രോഗികളെ അപേക്ഷിച്ച് അവിഗാന്‍ ഉപയോഗിച്ച രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അവിഗാന്‍ നല്‍കിയ രോഗികള്‍ നാല് ദിവസത്തിനകം കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവായി. ഈ മരുന്ന് നല്‍കാത്ത രോഗികളില്‍ 11 ദിവസം വരെ രോഗം കണ്ടുവെന്നാണ് ജാപ്പനീസ് ദേശീയ ചാനലായ എന്‍.എച്ച്.കെ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അവിഗാന്‍ നല്‍കിയ രോഗികളുടെ എക്‌സ് റേയില്‍ 91 ശതമാനത്തിന്റേയും ശ്വാസകോശത്തിന് രോഗാവസ്ഥയില്‍ നിന്നും പുരോഗതിയുണ്ട്. അതേസമയം ഈ മരുന്ന് നല്‍കാതിരുന്ന രോഗികളില്‍ പുരോഗതിയുടെ തോത് 62 ശതമാനമാണ്. ഈ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഫ്യൂജി ഫിലിം ടൊയാമ കെമിക്കലിന്റെ ഓഹരിയില്‍ 14.7ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

നിസാരവും അതീവ ഗുരുതരമല്ലാത്തതുമായ കോവിഡ് 19 ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളില്‍ അവിഗാനാണ് ജപ്പാനില്‍ നല്‍കുന്നത്. അതേസമയം ഗുരുതര ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളില്‍ അവിഗാന്‍ ഫലപ്രദമല്ലെന്നും ജാപ്പനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എച്ച്.ഐ.വി പ്രതിരോധ മരുന്നുകള്‍ കോവിഡ് 19 രോഗികള്‍ക്ക് നല്‍കുമ്പോഴും ഇതേ വെല്ലുവിളി നേരിടാറുണ്ട്.

ഗിനിയയില്‍ 2016ല്‍ എബോള വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജപ്പാന്‍ അധികൃതര്‍ അവിഗാന്‍ അവിടെ എത്തിച്ചിരുന്നു. സര്‍ക്കാരുകളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിഗാന്‍ കോവിഡ് 19 രോഗികളില്‍ വ്യാപകമായി നല്‍കാനാവൂ. ക്ലിനിക്കല്‍ റിസര്‍ച്ചുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ അനുമതിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചൈനയിലെ ആരോഗ്യപ്രവര്‍ത്തകര്‍.