World

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇസ്രായേല്‍ അറ്റോണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്.

നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ശേഷമാണ് അറ്റോര്‍ണി ജനറല്‍ അവിചായ് മെഡല്‍ബ്ലിറ്റ് തീരുമാനം അറിയിച്ചത്. കൈക്കൂലി, വഞ്ചനകേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് നിയമ മന്ത്രാലയം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഭാര്യ സാറയും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ചതിനും കേസെടുത്തിട്ടുണ്ട്.

അതേ സമയം കേസുകളെ തുടര്‍ന്ന് താന്‍ രാജി വെക്കില്ലെന്ന് നെതന്യാഹു അറിയിച്ചു തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തിന്റെ ശ്രമമാണിതെന്നാണ് അദേഹത്തിന്റെ വിശദീകരണം. രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ ലിക്യുഡ് പാര്‍ട്ടിയില്‍ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ ആരോപണം. അഴിമതി കേസില്‍ കേസെടുത്ത സാഹചര്യത്തില്‍ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപെട്ടു.