ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്. ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞു.
ഗാസയ്ക്കെതിരായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മേഖലയില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുന്നതിന്റെയും യുദ്ധം വ്യാപിക്കുന്നതിന്റേയും ഉത്തരവാദിത്തം അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും മേല്‍ ആയിരിക്കുമെന്നും അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു.