World

അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റ് നേരെ ആക്രമണം: ഖലിസ്താൻ അനുകൂലികൾ തീയിട്ടു

യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് ദിയ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവാക്കി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺസുലേറ്റിന് തീയിടുന്നതിന്റെ വീഡിയോ ഖലിസ്താൻ അനുകൂലികൾ പുറത്തുവിട്ടിട്ടുണ്ട്.

“ശനിയാഴ്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. യുഎസിലെ നയതന്ത്ര കേന്ദ്രങ്ങൾക്കോ വിദേശ നയതന്ത്രജ്ഞർക്കോ നേരെയുള്ള ആക്രമണം ക്രിമിനൽ കുറ്റമാണ്” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു. അഞ്ച് മാസത്തിനിടെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിലും ഖലിസ്താൻ അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയിരുന്നു.