ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്കു ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച മരുന്നുകൾ കുടിച്ച് 18 കുട്ടികൾ മരിച്ചു എന്നാണ് ഉസ്ബകിസ്താൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
2012ൽ ഉസ്ബകിസ്താനിൽ രജിസ്റ്റർ ചെയ്ത മാരിയൺ ബയോടെക് എന്ന കമ്പനിയാണ് പ്രതിക്കൂട്ടിൽ. നോയിഡ ആസ്ഥാനമായ കമ്പനിയിൽ നിർമിച്ച ഡോക്-1 മാക്സ് സിറപ്പ് കുടിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചു എന്ന് വാർത്താ കുറിപ്പിലൂടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കുട്ടികൾക്കെല്ലാം ശ്വാസകോശരോഗമായിരുന്നു എന്നാണ് വാർത്താ കുറിപ്പിലുള്ളത്.
മരണപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ്, വീട്ടിൽ 2 മുതൽ 7 വരെ ദിവസം ഈ സിറപ്പ് ദിവസേന 3 മുതൽ 4 തവണ വരെ കുടിച്ചിരുന്നു എന്ന് വാർത്താകുറിപ്പിൽ പറയുന്നു.
സംഭവമുമായി ബന്ധപ്പെട്ട് 7 പേരെ പിരിച്ചുവിട്ടു. ഡോക്-1 മാക്സ് സിറപ്പും ഗുളികയുമെല്ലാം രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്.