Health World

വില മതിക്കാനാവാത്തതാണ് ഈ കരുതല്‍; കോവിഡ് രോഗിയെ നെഞ്ചോട് ചേര്‍ത്ത് ഡോക്ടര്‍, വൈറലായി ചിത്രം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയില്‍ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്‍റെ കാലത്ത് ആശ്വാസത്തിന്‍റെ ഓരോ വാക്കും ചെറിയ തലോടല്‍ പോലും ഒരു കുളിര്‍ തെന്നല്‍ പോലെയായിരിക്കും. പ്രത്യേകിച്ചും അതൊരു ഡോക്ടറുടെ അടുത്ത് നിന്നാകുമ്പോള്‍. അദ്ദേഹം രോഗിക്ക് പകരുന്ന സാന്ത്വനം ചെറുതല്ല. വയസായ ഒരു കോവിഡ് രോഗിയെ ഡോക്ടര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കണ്ട് ലോകത്തിന്‍റെയും കണ്ണ് നിറയുകയാണ്.

അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിലെ ഡോക്ടര്‍. ഐസിയുവില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന പ്രായമായ രോഗിക്ക് അരികിലെത്തുകയായിരുന്നു ഡോക്ടര്‍. കാര്യം തിരക്കിയപ്പോള്‍ ഭാര്യയെ കാണമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു. ആ നിമിഷം അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയായിരുന്നു ഡോക്ടര്‍.

ഗോ നകാമുര എന്ന ഫോട്ടോഗ്രാഫറാണ് ഹൃദയത്തില്‍ തൊടുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. നകാമുര തന്‍റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ ഇട്ടതോടെയാണ് ചിത്രം വൈറലാകുന്നത്. ഈ മനോഹരമായ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അകമഴിഞ്ഞ സേവനത്തിന് എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും നന്ദി പറയുന്നതായും നകാമുര കുറിച്ചു.