World

യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല: ജോർജിയ മെലോണി

കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.

തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് ലാംപെഡൂസ. യൂറോപ്യൻ രാജ്യത്തിലെ സിസിലി പ്രദേശത്തിന്റെ ഭാഗമാണിത്. മാൾട്ടയും ടുണീഷ്യയുമാണ് ദ്വീപിൽ നിന്ന് ഏറ്റവും അടുത്തുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ 11,000-ത്തിലധികം ആളുകളാണ് ലാംപെഡൂസയിലേക്ക് എത്തിയത്. ഇതോടെ യൂറോപ്പിന്റെ ഇമിഗ്രേഷൻ ഫ്ലാഷ് പോയിന്റായി ഇവിടം മാറിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 127,000 പേരാണ് ഇറ്റലിയിൽ എത്തിയത്. കണക്കുകൾ പരിശോധിക്കുമ്പോൾ 2022 ലെ ഇതേ കാലയളവിന്റെ ഇരട്ടിയിലധികം നമ്പറാണിത്. എത്തുന്നവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ കുടിയേറ്റക്കാരാണ്. മെച്ചപ്പെട്ട ജീവിതവും മികച്ച അവസരങ്ങളും തേടിയാണ് അവർ ഇവിടേക്ക് എത്തുന്നത്.

ലാംപെഡൂസയിൽ എത്തുന്ന ഭൂരിഭാഗം അഭയാർത്ഥികളെയും സിസിലിയിലെ തിരക്കേറിയ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അനേകം ആളുകൾ ഫ്രാൻസിന്റെ അതിർത്തിയിലേക്ക് കടക്കാനും ശ്രമിക്കുന്നുണ്ട്. അവിടെ അതിർത്തി കടക്കുന്നത് തടയാൻ വർഷങ്ങളായി ഫ്രഞ്ച് പോലീസ് ക്രൂരമായ തന്ത്രങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ലാംപെഡൂസയിൽ എത്തിച്ചേരുന്നവരുടെ എണ്ണം വർദ്ധിച്ചത്തോടെ ഇറ്റാലിയൻ അതിർത്തി പട്ടണമായ വെന്റിമിഗ്ലിയയ്ക്കും ഫ്രാൻസിലെ കാൻസിനും ഇടയിൽ ഓടുന്ന ട്രെയിനുകളിൽ ഫ്രാൻസ് നിയന്ത്രണം കർശനമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ അനധികൃത കുടിയേറ്റം തടയുമെന്ന് പ്രതിജ്ഞയെടുത്തു അധികാരമേറ്റ മെലോണി അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ പരിഹാര മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ യൂറോപ്പിന്റെ ഭാവി അപകടത്തിലാണ് വ്യക്തമാക്കി. “അനിയന്ത്രിതമായ കുടിയേറ്റം ഒരു യൂറോപ്യൻ വെല്ലുവിളിയാണ്, അതിന് യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ആവശ്യമാണ്,” എന്നും മെലോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.