ഓസ്ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit)
വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര കവാടത്തിൽ പതാക സ്ഥാപിച്ച ഖാലിസ്ഥാൻ അനുകൂലികൾ, മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്.
സംഭവം അറിഞ്ഞയുടൻ പാരമറ്റയിലെ പാർലമെന്റ് അംഗം ആൻഡ്രൂ ചാൾട്ടൺ ക്ഷേത്രത്തിലെത്തി. ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ദുഃഖമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആക്രമണത്തിൽ കംബർലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായി NSW പൊലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മുമ്പും ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഈ വർഷം ആദ്യം മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളും ബ്രിസ്ബേനിലെ രണ്ട് ക്ഷേത്രങ്ങളും ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. മെയ് 24 ന് ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി സിഡ്നി സന്ദർശിക്കും.