സെപ്തംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വിവരങ്ങള്‍ പുറത്ത് പോകുമെന്ന ഭയമുള്ള ആര്‍ക്കും ബിറ്റ്കോയിനുകളുമായി സമീപിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ എത്ര ബിറ്റ് കോയിന് വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. 2001 ലായിരുന്നു ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം.
വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റായ നെറ്റ്ഫ്ളിക്സ്, പ്ലാസ്റ്റിക് സര്‍ജ്ജറി ക്ലിനിക്കുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചോര്‍ത്തിയ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് എന്ന പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ സംഘമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് അവകാശവാദം. പോസ്റ്റ്ബിന്‍ എന്ന വെബ്സൈറ്റിലൂടെ തിങ്കളാഴ്ചയാണ് ഭീഷണി മുഴക്കിയത്. രഹസ്യ കോഡില്‍ ഒളിപ്പിച്ച വിവരങ്ങളുടെ 10 ജിബിയുടെ ലിങ്ക് പുറത്ത് വിടുകയും ചെയ്തു.
ലണ്ടനിലെ എല്‍എലോയിഡ്, ഹൈസോക്സ് എന്നീ ഇന്‍ഷൂറന്‍സ് കമ്പനികള്‍, വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമകളായ സില്‍വര്‍സ്റ്റെയിന്‍ പ്രോപ്പര്‍ട്ടീസ്, അമേരിക്കയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്. രേഖകകളില്‍ പേര് ഉള്‍പ്പെടുമെന്ന് ഭയമുള്ള ആര്‍ക്കും ബിറ്റ്കോയിന് നല്കി ലിങ്ക് തുറക്കാന്‍ വേണ്ട പാസ് വേഡ് സ്വന്തമാക്കാമെന്നും വെബ്സൈറ്റില്‍ പറയുന്നു. എന്നാല്‍ എത്ര ബിറ്റ്കോയിനാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. അവഗണിക്കുന്ന പക്ഷം വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ഭീഷണി.
2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ ഭീകരവിരുദ്ധ പോരാട്ടം രൂക്ഷമാക്കിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇത് വരെ പുറത്ത് വരാത്ത 18000 ത്തോളം ഡോക്യുമെന്റുകള്‍ ഇതിലുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം സ്ഥാപിക്കുന്നതിനായി നിയമസ്ഥാപനങ്ങള്‍, സുരക്ഷാ മന്ത്രാലയങ്ങള്‍, വ്യോമയാന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇ മെയിലുകള്‍ ഉള്‍പ്പടെയുള്ള ഏതാനും പ്രാഥമിക തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്. സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഉദ്ദേശിച്ച പല ഡോക്യുമെന്റുകളും ഇതില്‍ ഉണ്ടെന്നാണ് സൂചന. നിയമ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവ ലഭിച്ചത്.