ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി
സൗദിയിൽ പത്തും യു.എ.ഇയിൽ ഒമ്പതും കുവൈത്തിൽ മൂന്നും പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഗൾഫിൽ മരണസംഖ്യ 486 ആയി. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ രോഗബാധിതരുടെ എണ്ണം 91,000 കടന്നു.
യു.എ.ഇയിൽ മൂന്ന് പേൾ ഉൾപ്പെടെ ഇന്നലെ 5 മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി. ഇവരിൽ കൂടുതൽ പേർ മരിച്ചത് യു.എ.ഇയിലാണ്. ഇന്നലെ മാത്രം ഗൾഫിൽ കോവിഡ് ബാധിത മരണം 23 ആണ്.
സൗദിയിൽ പത്ത് പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 229 ആയി. ഒമ്പത് പേർ കൂടി മരിച്ച യു.എ.ഇയിൽ കോവിഡ് മരണസംഖ്യ 174 ആയി. സൗദിയിൽ രോഗികളുടെ എണ്ണവും കുത്തനെ ഉയർന്നു. 1322 പേർക്കാണ് ഇന്നലെ രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 35432 ആയി.
ഖത്തറിൽ ഇന്നലെ 1,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 20,000 കടന്നു. യു.എ.ഇയിൽ 553 പേർക്കാണ് രോഗബാധ. കുവൈത്തിൽ 641ഉം ഒമാനിൽ 154ഉം ബഹ്റൈനിൽ 205ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേ സമയം കോവിഡ് ബാധിതരായ ആയിരത്തിൽ ഏറെ പേർക്ക് രോഗം ഭേദമായി. രോഗം പൂർണമായും സുഖപ്പെട്ടവരുടെ എണ്ണം 21000 കടന്നു.
രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുകയാണ് കുവൈത്ത്. ഞായറാഴ്ച മുതൽ രാജ്യത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തും. ഈ മാസം മുപ്പതു വരെ കർഫ്യു നീണ്ടുനിൽക്കും.