1991ലെ ഗൾഫ് യുദ്ധകാലത്തു മാത്രമാണ് എണ്ണവില ഇത്രയും കുറഞ്ഞത്
ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആഗോള സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടി എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 28 ഡോളറായാണ് വില ഇടിഞ്ഞത്. 1991ലെ ഗൾഫ് യുദ്ധകാലത്തു മാത്രമാണ് എണ്ണവില ഇത്രയും കുറഞ്ഞത്. ഗൾഫ് ഓഹരി വിപണികളിലും തകർച്ച തുടരുന്നു. അതേസമയം സ്വർണ വില വീണ്ടും ഉയർന്നു.
എണ്ണവില 30 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 28 ഡോളറിലേക്കാണ് പതിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ ബാരലിന് 20 ഡോളറിലേക്ക് എണ്ണവില കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾ തികഞ്ഞ ആശങ്കയിലാണ്. ഉൽപാദനം ഗണ്യമായി കുറച്ച് വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കണമെന്ന നിർദേശം റഷ്യ തള്ളിയതോടെ കുറഞ്ഞ നിരക്കിൽ എണ്ണ വിൽക്കാൻ സൗദി തീരുമാനിച്ചതും തിരിച്ചടിയായി. കോവിഡ് 19 പ്രത്യാഘാതങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദായതും വിപണിയെ ബാധിച്ചു.
എണ്ണവില തകർച്ച ഗൾഫ് ഓഹരി വിപണിയെ വീണ്ടും ഉലച്ചു. കനത്ത നഷ്ടത്തിലാണ് ഇന്നും വ്യാപാരം തുടങ്ങിയത്. അരാംകോ ഓഹരി വില നന്നെ കുറഞ്ഞു. റിയാദ്, ദുബൈ, അബൂദബി ഉൾപ്പെടെ പ്രധാന ഗൾഫ് ഓഹരി വിപണികളുടെ നഷ്ടം ഏറെ വലുതാണ്.
പ്രതിസന്ധി തുടർന്നാൽ എണ്ണമറ്റ തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 24 പൈസയാണ് വിനിമയ നിരക്ക്. അതേ സമയം സുരക്ഷിത നിക്ഷേപം എന്ന നിലക്ക് ആളുകളെ ആകർഷിക്കുന്നതിനാൽ സ്വർണ വിപണി കൂടുതൽ കരുത്താർജ്ജിക്കുകയാണ്.