ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊലപാതകത്തിൽ കലാശിച്ചായി പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മുൻ ഭർത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്നുമാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയൽ കാർഡും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു. മുൻ ഭർത്താവിൻ്റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്‌തെങ്കിലും 28 കാരനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ബോട്ടിൽ നഗരം വിടാൻ ശ്രമിക്കുന്നതിനിടെയാണ് മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
അതേസമയം പെൺകുട്ടിയുടെ ബാക്കി ശരീരഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.