World

വിവാദ ഗര്‍ഭഛിദ്ര വിധി മൂലം സ്വന്തം കുഞ്ഞ് ജനിച്ചുടനെ മരിക്കുന്നത് കാണേണ്ടി വരും; പരാതിയുമായി അമേരിക്കന്‍ ദമ്പതികള്‍

ഗര്‍ഭഛിദ്രത്തിനുള്ള നിയമപരിരക്ഷ നീക്കിയ യുഎസ് സുപ്രിംകോടതിയുടെ നടപടി തങ്ങളുടെ കുഞ്ഞ് ജനിച്ചയുടനെ മരിച്ചുപോകുന്ന ദാരുണമായ അവസ്ഥയ്ക്ക് കാരണകുമെന്ന പരാതിയുമായി ദമ്പതികള്‍. പോട്ടര്‍ സിന്‍ഡ്രോം എന്ന ഗുരുതര അവസ്ഥയിലൂടെയാണ് തങ്ങളുടെ കുഞ്ഞ് കടന്നുപോകുന്നതെന്ന് മനസിലാക്കിയിട്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കാതിരിക്കുന്നത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഫ്‌ളോറിഡയിലെ ദമ്പതികളുടെ പരാതി. ഡോര്‍ബര്‍ട്ട്-ലീ ദമ്പതിമാരാണ് പരാതി ഉന്നയിച്ചത്. ഗര്‍ഭഛിദ്രത്തിന്റെ നിയമപരിരക്ഷ നീക്കിയ സുപ്രിംകോടതി തീരുമാനത്തിനെതിരെ വിമര്‍ശനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലീ ദമ്പതിമാരുടെ പരാതി വലിയ ചര്‍ച്ചയാകുകയാണ്. 

ഭ്രൂണത്തിന്റെ വൃക്കകള്‍ ശരിയായ രീതിയില്‍ വികസിക്കാത്തത് വഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാനാകാതെ വരുന്ന ഗുരുതരമായ അവസ്ഥയാണ് പോട്ടര്‍ സിന്‍ഡ്രോം. ഇത്തരം സങ്കീര്‍ണയുള്ള ഭ്രൂണം വളര്‍ന്നാലും പ്രസവത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥയുണ്ടാകാം. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ ലീ കുടുംബത്തോട് അധികൃതര്‍ 37 ആഴ്ചകള്‍ വരെയോ പ്രസവം നടക്കുന്നത് വരെയോ കാത്തിരിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സുപ്രിംകോടതി വിധിയെ ആശുപത്രി അധികൃതര്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് തങ്ങളെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടതെന്നാണ് ദമ്പതിമാരുടെ പരാതി.

ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാന്‍ കോടതി സ്വാതന്ത്ര്യം അനുവദിക്കുകയായിരുന്നു. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിച്ചു.

സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് അട്ടമറിക്കപ്പെട്ടത്. ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് വിധിക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്നുവന്നത്.