44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റെടുക്കലിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്ററിന്റെ ആസ്ഥാനം മസ്‌ക് സന്ദര്‍ശിച്ചു. ട്വിറ്ററുമായി സിങ്ക് ഇന്‍ ആകാനെന്ന പേരില്‍ സിങ്കുമായാണ് എത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ മാസ് എന്‍ട്രി വൈറലുമായി.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റര്‍ നേതൃത്വം കരാര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.
ഇതിനിടെയാണ് കരാറുമായി മുന്നോട്ടുപോകുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്. പിന്നാലെ ട്വിറ്ററിലെ ബയോയും മസ്‌ക് മാറ്റി. ചീഫ് ട്വീറ്റ് എന്നാണ് പുതിയ ബയോ. ഒടുവിലാണ് കരാര്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്.