World

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അമേരിക്ക

ആരോപണങ്ങള്‍ നിറച്ച പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം പോലും നല്‍കാതെ ട്രംപ് തിടുക്കത്തില്‍ തിരിഞ്ഞു നടന്നു…

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിന്റേയും ഹോങ്കോങില്‍ ചൈന പിടിമുറുക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയായതിന് പിന്നില്‍ ചൈനയാണെന്ന മുന്‍ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു.

ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയെന്ന് ട്രംപ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒക്ക് പകരം ലോകത്തെ മറ്റ് ആരോഗ്യ സംഘടനകളെ അമേരിക്ക സഹായിക്കുമെന്നാണ് ട്രംപ് പറയുന്നത്. ചൈനക്കെതിരായ നിരവധി നടപടികളുടെ പ്രഖ്യാപനങ്ങളും ട്രംപ് നടത്തി. അമേരിക്കയിലെ ചൈനീസ് നിക്ഷേപകരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടക്കമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഹോങ്കോങിന്റെ സ്വയംഭരണാവകാശത്തിന് കടിഞ്ഞാണിട്ട് ചൈന ദേശീയ സുരക്ഷാ നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനങ്ങള്‍. ഹോങ്കോങിനുള്ള പ്രത്യേക തീരുവ ഇളവ്, വ്യാപാരത്തിലെ പരിഗണന, ഡോളര്‍ വിനിമയ ഇളവ്, വിസയില്ലാ യാത്ര എന്നിവ അമേരിക്ക പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചു. ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക് അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നല്‍കില്ല.

ചൈനക്കെതിരെ നിരവധി ആരോപണങ്ങളാണ് ട്രംപ് നിരത്തിയത്. അമേരിക്കയുടെ ബൗദ്ധികസ്വത്ത് മോഷ്ടിച്ചാണ് ചൈന വ്യവസായങ്ങള്‍ ആരംഭിച്ചത്. ഇതിനായി ചൈന ചാരവൃത്തി നടത്തി. ഇന്തോ പസഫിക് സമുദ്രത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കത്തിന് ചൈന വെല്ലുവിളിയാണ്. അമേരിക്കയുമായും മറ്റു ലോകരാജ്യങ്ങളുമായും ചൈന തുടര്‍ച്ചയായി വാഗ്ദാനലംഘനങ്ങള്‍ നടത്തി. ചൈനയാണ് കോവിഡ് മഹാമാരിക്ക് കാരണമെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു.

പ്രതിവര്‍ഷം 450 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്ന അമേരിക്കയേക്കാള്‍ 40 ദശലക്ഷം ഡോളര്‍ നല്‍കുന്ന ചൈനക്കാണ് ലോകാരോഗ്യ സംഘടനക്ക് മേല്‍ കൂടുതല്‍ സ്വാധീനമെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനക്കുള്ള സഹായം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മെയ് 19ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിരവധി ആരോപണങ്ങള്‍ നിറഞ്ഞ വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ ട്രംപ് അവസരം നല്‍കിയില്ല. ഒരുലക്ഷത്തി നാലായിരത്തിലേറെ പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡിനെക്കുറിച്ചോ ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തെക്കുറിച്ചോ ട്രംപ് പ്രതികരിച്ചില്ല.