International World

കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക്; ആരാധനാലയങ്ങൾ അടച്ചു

ഗൾഫിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു.

യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. യു.എ.ഇയിൽ വിസാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ബഹ്റൈനിൽ 65 വയസുള്ള സ്വദേശിനി ഇന്നലെ കോവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള തീരുമാനം. ഖത്തറിൽ 38 ഉം ബഹ്റൈനിൽ 17ഉം സൗദിയിൽ 15ഉം കുവൈത്തിൽ 11 ഉം ഒമാനിൽ രണ്ടും പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഗൾഫിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1111 ആയി. ഇതിൽ 439 പേരും ഖത്തറിലാണ്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ്. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. സൗദിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും.

യു.എ.ഇയിൽ ഇന്നുമുതൽ വിസാവിലക്ക് പ്രാബല്യത്തിൽ വരും. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മറ്റും വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകും. വിമാന യാത്രാവിലക്ക് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെളിയിലുള്ള എല്ലാ പൗരൻമാരോടും തിരിച്ചെത്താൻ യു.എ.ഇ ആവശ്യപ്പെട്ടു.

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഒമാൻ വിസയുള്ള പ്രവാസികൾക്ക് വിമാനത്താവളം മുഖേന രാജ്യത്ത് തിരിച്ചെത്താൻ സാധിക്കും. രോഗവ്യാപനം തടയാനുള്ള നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ഖത്തറിൽ നാളെ മുതൽ രണ്ടാഴ്ചക്കാലം പുറമെ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രാജ്യത്തെ പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്.

ബഹ്റൈൻ നാളെ മുതൽ വിമാന സർവീസുകൾ പരിമിതപ്പെടുത്തും. വിസ ഓൺ അറൈവൽ സംവിധാനവും നിലയ്ക്കും. ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും സി.ബി.എസ്.ഇ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

യു.എ.ഇയിൽ വിവാഹ പരിപാടികൾക്കും പാർട്ടികൾക്കും വീടുകളിലെ വിരുന്നു സൽക്കാരത്തിനും ഈ മാസം 31 വരെ വിലക്ക് ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി, യു.എ.ഇ, ഖത്തർ എന്നിവ ഉത്തേജക പാക്കേജുകൾക്ക് രൂപം നൽകി