World

കൊവിഡ് ലോക്ക്ഡൗണിൽ വലഞ്ഞ് ചൈന; ഷി ജിൻ പിങ്ങിനെതിരെ ആയിരങ്ങൾ തെരുവിൽ

ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്.

ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ ആളുകൾക്ക് വേഗം രക്ഷപ്പെടാൻ സാധിച്ചില്ല. ഇതും പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു. നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.