World

ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്

മ്യാന്‍മര്‍ – ബംഗ്ലാദേശ് അതിര്‍ത്തി അടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും മറ്റു രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി അബ്ദുല്‍ മഅ്മൂന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്. മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ വംശീയവാദികളുടേയും പീഡനങ്ങള്‍ക്കിരയാകുന്ന മ്യാന്മര്‍ വംശജരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ തീരുമാനം. മ്യാന്മാര്‍ അധികൃതരുടെ ക്രൂര പീഡനത്തെ തുടർന്ന് ഏഴുലക്ഷം റോഹിങ്ക്യകളാണ് ഇതുവരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

സ്ഥിതി ഗതികള്‍ മെച്ചപ്പെടാത്ത സാഹചര്യത്തില്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള ബംഗ്ലാദേശ് നീക്കവും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാറിന്റെ തീരുമാനം. ഇനി ഒരാളെ പോലും സ്വീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അഭയാർഥികൾക്കായി മറ്റ് രാജ്യങ്ങൾ അതിർത്തി തുറന്നിടണമെന്നും അതിര്‍ത്തി അടക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മഅ്മൂൻ പറഞ്ഞു.

മ്യാന്മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച യു.എൻ അംബാസഡറും ഹോളിവുഡ് നടിയുമായ ആഞ്ജലീന ജോളിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.